ഐസ്വാൾ: മിസോറമിൽ വൻ ആയുധശേഖരം കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മ്യാൻമർ പൗരന്മാരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഐസ്വാളിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
മ്യാൻമർ സ്വദേശികളായ ജെ.രോഹുൽപിയ, ഹെൻറി സിയാൻഗുന, ലാൽദിൻസാഹ എന്നിവരാണ് അറസ്റ്റിലായത്. ആയുധ ശേഖരം പിടികൂടിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിലാണ് പ്രതികൾ പിടിയിലായത്. ഐസ്വാളിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്. മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം മെയിലായിരുന്നു ഇവർ എത്തിച്ച ആയുധങ്ങൾ സുരക്ഷാ സേന കണ്ടെടുത്തത്. രണ്ട് ട്രക്കുകളിലായി തോക്കുകൾ , സ്‌ഫോടക വസ്തുക്കൾ, വെടിമരുന്ന് എന്നിവയായിരുന്നു ഉണ്ടായിരുന്നത്. സംഭവ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.








