ജയ്പൂർ: പാകിസ്താൻ സ്വദേശി നസ്‌റുല്ലയെ നിക്കാഹ് ചെയ്യാനായി അതിർത്തി കടന്ന് മതം മാറിയ അഞ്ജുവുമായി ഇനി കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് പിതാവ് ഗയാ പ്രസാദ്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് അതിർത്തി കടന്ന അഞ്ജുവിനെ തിരികെ കൊണ്ടുവരാനായി കേന്ദ്രസർക്കാരിനോട് യാചിക്കില്ലെന്നും പിതാവ് പറഞ്ഞു. ഞങ്ങൾക്ക് ഇനി അവൾ മരിച്ചു കഴിഞ്ഞു. ഇനി അവിടെ കിടന്ന് മരിക്കട്ടെയെന്ന് പിതാവ് നെഞ്ചുപൊട്ടി കരഞ്ഞ് പറഞ്ഞു.
അവളുടെ മനസിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അവൾ ചെയ്യുന്ന കാര്യങ്ങളിൽ താൻ കാര്യമാക്കുന്നില്ലെന്നും അവൾക്ക് വിസ എപ്പോൾ ലഭിച്ചുവെന്ന് പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അഞ്ജുവുമായി മാതാപിതാക്കളായ തങ്ങൾക്ക് ഫോൺ കോൾ ബന്ധം പോലും ഇല്ലെന്ന് ഗയാ പ്രസാദ് തുറന്നു പറഞ്ഞു.
അങ്ങനെയെല്ലാം ചെയ്യാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവൾ ആദ്യം ഭർത്താവിനെ വിവാഹമോചനം ചെയ്ത് അവനോട് പറയണമായിരുന്നു. ഇപ്പോൾ ഭർത്താവിന്റെയും രണ്ട് കുട്ടികളുടെയും ജീവിതം തകർന്നിരിക്കുകയാണ്. അവരെ വളർത്തേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് പിതാവ് ചോദിച്ചു. തനിക്ക് അഞ്ജുവിനോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും തിരികെ വരാൻ നിർബന്ധിക്കില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
ഇന്നലെയാണ് ഫേസ്ബുക്ക് സുഹൃത്തിനെ കാണാനായി പാകിസ്താനിലെ പഖ്തൂൺഖ്വയിലെത്തിയ രാജസ്ഥാൻ സ്വദേശിനി മതംമാറി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ആൺസുഹൃത്തും പഥ്തൂൺഖ്വ സ്വദേശിയുമായ നസ്റുല്ലയെ വിവാഹം കഴിക്കുകയും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. അഞ്ജു സ്വന്തം പേര് മാറ്റി ഫാത്തിമ എന്നാക്കി മാറ്റിയിരിക്കുകയാണ്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
നസ്റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് പാക് യുവാവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിക്കാഹ് നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2019 ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.








