നെതർലാൻഡ് : 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. ഒരാൾ മരിച്ചു, 22 ജീവനക്കാർക്ക് പരിക്കേറ്റു. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോയ ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്.
ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്കുള്ള യാത്രാമധ്യേ പനാമയിൽ രജിസ്റ്റർ ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലാണ് രാത്രിയോടെ തീപിടുത്തമുണ്ടായത്. കപ്പലിൽ തീ പടർന്നുപിടിച്ചതോടെ രക്ഷപ്പെടാൻ വേണ്ടി ജീവനക്കാർ കടലിൽ ചാടുകയായിരുന്നു.
തീപിടിത്തത്തിൽ ഒരു ഇന്ത്യൻ നാവികൻ മരിച്ചതായി നെതർലൻഡ്സിലെ ഇന്ത്യൻ എംബസി അറിയിച്ചു. നാവികന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 21 പേരടങ്ങുന്ന മുഴുവൻ ക്രൂവും ഇന്ത്യക്കാരാണെന്ന് കപ്പലിന്റെ ഉടമസ്ഥരായ ജപ്പാനിലെ ഷൂയ് കിസെൻ പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തീ അണയ്ക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വെള്ളം ഉപയോഗിച്ചാൽ കപ്പൽ മുങ്ങിപ്പോകാനുള്ള സാധ്യതയും ഏറെയാണെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.
‘തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കപ്പൽ കടത്തുന്ന ചരക്ക് കാരണം ഇത് അണയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്,’ ഡച്ച് ജലപാത, പൊതുമരാമത്ത് വകുപ്പിന്റെ വക്താവ് എഡ്വിൻ വെർസ്റ്റീഗ് പറഞ്ഞു.
എന്നാൽ തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു കാറിന് തീപിടിച്ച്, അത് പടർന്നുപിടിച്ചതാകാം എന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post