തൃശൂർ: ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന പരാതിയുമായി നഴ്‌സുമാർ. തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്‌സുമാരുടെ പരാതി ഉയർന്നിരിക്കുന്നത്. മർദ്ദനമേറ്റ നാല് നഴ്‌സുമർ ആശുപത്രിയിൽ ചികിത്സ തേടി.
തൃശൂരിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നഴ്‌സുമാർ പറയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ് നഴ്‌സുമാർ. 10,000 രൂപയ്ക്ക് താഴെ മാത്രമാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഏഴ് ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചും വിട്ടിരുന്നു. ഇതിനെതിരെ ഇവർ ലേബർ ഓഫീസറെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ നൈൽ ആശുപത്രി എംഡി, നഴ്‌സുമാരെ തട്ടിമാറി പോവുകയായിരുന്നു. ഇതിനിടെ താഴെ വീണാണ് നഴ്‌സുമാർക്ക് പരിക്കേറ്റത്. ഗർഭിണി ഉൾപ്പെടെ നിലത്ത് വീണു. ഈ നഴ്‌സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്ന് നഴ്‌സുമാർ ആരോപിച്ചു.












