ഗുവാഹട്ടി : മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടെന്ന പരാമർശത്തിൽ മാപ്പപേക്ഷിച്ച് അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഈ പരാമർശം വൻ വിവാദമായതോടെയാണ് കോൺഗ്രസ് നേതാവ് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്. ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും വൈഷ്ണവ ക്ഷേത്രത്തിൽ വിളക്ക് തെളിയിച്ച് ഭഗവാനോട് മാപ്പപേക്ഷിക്കുമെന്നും ബോറ പറഞ്ഞു.
”ഇന്നലെ രാത്രി എന്റെ മുത്തച്ഛൻ സ്വപ്നത്തിൽ വന്നു. ഞാൻ നടത്തിയ പ്രസ്താവന തെറ്റാണെന്ന് മനസിലായി. അത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. എന്റെ പാർട്ടിക്ക് ഒരു കാര്യത്തിലും ദോഷം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘വൈഷ്ണവ ഭക്തരുടെ വികാരം വ്രണപ്പെടുത്താനും ആഗ്രഹിക്കുന്നില്ല” ബോറ പറഞ്ഞു. വൈഷ്ണവ ഭക്തർ തന്റെ വാക്കുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”അതിനാൽ, വൈഷ്ണവരുടെ പ്രാർത്ഥനാ മന്ദിരത്തിൽ ഒരു മൺവിളക്ക് തെളിയിക്കാനും ഭഗവാനോട് മാപ്പ് ചോദിക്കാനും ഞാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയെയോ സർക്കാരിനെയോ പേടിച്ചല്ല ഞാനിത് ചെയ്യുന്നത്, മറിച്ച് വൈഷ്ണവ ഭക്തരെ എന്റെ പരാമർശം വേദനിപ്പിച്ചു എന്ന് മനസിലാക്കിയതിനാലാണ്” ബോറ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. ”സ്‌നേഹത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്” എന്നാണ് രുഗ്മിണിയുടെയും കൃഷ്ണന്റെയും പ്രണയത്തെ പരാമർശിച്ചുകൊണ്ട് ബോറ പറഞ്ഞത്. ”ശ്രീകൃഷ്ണന് രുഗ്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അർജുനൻ സ്ത്രീ വേഷത്തിൽ വന്നു. മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടായിരുന്നു” എന്നായിരുന്നു ബോറയുടെ പരാമർശം.
ഇതിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും വിഷയം ഇതിലേക്ക് കൊണ്ടുവരുന്നത് അപലപനീയമാണെന്നും അത് സനാതന ധർമ്മത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോലീസ് കേസെടുത്താൽ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് ബോറ മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷനെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിവൈജെഎം) ഗുവാഹത്തി പ്രസിഡന്റ് നിഹാർ രഞ്ജൻ ശർമ കോൺഗ്രസ് നേതാവിനെതിരെ പാൻ ബസാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Discussion about this post