ധാക്ക : രണ്ടുവർഷം നീണ്ട രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം ബംഗ്ലാദേശിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കി പുതിയ പ്രധാനമന്ത്രിയായ താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. ലോക്സഭ സ്പീക്കർ ഓം ബിർള താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രിയുടെ ക്ഷണം കൈമാറി. ചൊവ്വാഴ്ച ധാക്കയിൽ നടന്ന പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ആണ് ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തിരുന്നത്.
ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് റഹ്മാനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു. റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ വന്നു. ലണ്ടനിൽ 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരിഖ് റഹ്മാൻ ധാക്കയിലേക്ക് മടങ്ങിയെത്തിയിരുന്നത്. ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗിനെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിരോധിച്ചിരുന്നതിനാൽ ഏകപക്ഷീയ വമ്പൻ വിജയമാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേടിയത്.










