ന്യൂഡൽഹി : ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊളോണിയൽ പാരമ്പര്യം പൂർണമായും അവസാനിപ്പിക്കാനുളള നീക്കത്തിലാണ് പ്രതിരോധ സേന. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ട് നടക്കുന്നത് അടിയന്തിര പ്രാബല്യത്തിൽ നിർത്തുകയാണെന്ന് നാവിക സേന പ്രഖ്യാപിച്ചു. ബാറ്റൺ അധികാരത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നാവിക സേനയുടെ നടപടി.
”നാവിക സേന ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. എന്നാൽ ഇത് അധികാരത്തിന്റെ പ്രതീകമാണ്, കൊളോണിയൽ പാരമ്പര്യമാണ്. ഇത് അമൃതകാലത്തിലേക്ക് എത്തിയ നാവിക സേനയ്ക്ക് ആവശ്യമില്ല” ഔദ്യോഗിക പ്രസ്താവനയിൽ നാവിക സേന പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരും ബാറ്റൺ കൊണ്ടുപോകുന്നത് അടിയന്തിര പ്രാബല്യത്തിൽ നിർത്തണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഓരോ യൂണിറ്റുകളുടെയും ഓർഗനൈസേഷൻ മേധാവിയുടെ ഓഫീസിൽ ആചാരപരമായ ബാറ്റൺ സ്ഥാപിക്കാൻ തീരുമാനിച്ചു. കമാൻഡ് മാറ്റത്തിന്റെ ഭാഗമായി ഓഫീസിൽ വെച്ച് മാത്രമേ ബാറ്റൺ ആചാരപരമായ കൈമാറ്റം നടത്താവൂ. കൊളോണിയൽ പാരമ്പര്യം ഇല്ലാതാക്കാനുള്ള ഇന്ത്യൻ പ്രതിരോധ സേനയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ഉന്മൂലനം ചെയ്തുകൊണ്ട് നാവിക സേനയുടെ പതാക ”നിഷാൻ” പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
Discussion about this post