ഇംഫാൽ: മണിപ്പൂർ സംഘർഷത്തെ വർഗീയമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിച്ചതായി സംശയമെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമനിക് ലുക്‌മോൺ. സംസ്ഥാനത്ത് മുമ്പും വിവിധ ഗോത്രങ്ങൾ തമ്മിലും മറ്റ് വിഭാഗങ്ങളുമായും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സംഘർഷത്തിൽ മതം കലർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടായി. കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണമായി കുക്കി മെയ്‌തെയ് പ്രശ്‌നത്തെ കാണേണ്ടതില്ല. ഇംഫാലിൽ തന്നെ നിരവധി പള്ളികൾ സുരക്ഷിതമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുംബൈ ആർച്ച് ബിഷപ്പും മണിപ്പൂരിലേത് വർഗീയ കലാപമല്ലെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു.
ണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള പോരല്ലെന്നുമായിരുന്നു കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞത്. സംഘർഷത്തിന് മതപരമായ മുഖം നൽകരുതെന്നും മലയാളി സമൂഹം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുകയും രാജ്യതാത്പര്യം കണക്കിലെടുത്ത് കലാപബാധിതരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്ന ശത്രുതയിൽനിന്നും ഉടലെടുത്ത ഹീനമായ കലാപമാണെന്നും അതിൽ ക്രിസ്ത്യൻ -ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകർത്തതെന്നും സമാധാനം സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസ് അഭ്യർത്ഥിച്ചിരുന്നു.










