ആഗോള നയതന്ത്ര രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വിളിച്ചോതി ഉച്ചകോടിക്ക് രാജ്യതലസ്ഥാനം സജ്ജമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യ-യുക്രൈൻ യുദ്ധവും മൂലം ലോകരാജ്യങ്ങൾ സാമ്പത്തിക-ഇന്ധന പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഗ്ലോബൽ സൗത്തിന്റെ നിർണായക നിലപാടുകൾ ചർച്ച ചെയ്യാനായി ലോകനേതാക്കൾ ദില്ലിയിലേക്ക് എത്തുന്നത്. പ്രധാന വേദിയായ ഭാരത് മണ്ഡപത്തിലും പരിസരപ്രദേശങ്ങളിലും സമാനതകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്ര സർക്കാരും ദില്ലി പൊലീസും ഒരുക്കിയിരിക്കുന്നത്.
റഷ്യൻ, ഇറാൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ആഗോള നേതാക്കളുടെ വരവോടെ നഗരം കനത്ത കാവലിലാണ്.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 15,000 തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി കേന്ദ്രസേനയെയുമാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. വിവിഐപി മൂവ്‌മെന്റ് കണക്കിലെടുത്ത് പ്രഗതി മൈതാനത്തിനും ഭാരത് മണ്ഡപത്തിനും ചുറ്റുമുള്ള മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ദില്ലി ട്രാഫിക് പൊലീസ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. സെൻട്രൽ ദില്ലിയിലെ പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. റെയിൽവേ സ്റ്റേഷനുകളിലേക്കും വിമാനത്താവളത്തിലേക്കും പോകുന്ന യാത്രക്കാർ യാത്ര നേരത്തെ ക്രമീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിഐപികളുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സാമ്പത്തിക സഹകരണം, സുസ്ഥിര വികസനം, വ്യാപാരം തുടങ്ങിയ വിഷകളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.












