തിരുവനന്തപുരം : ലക്ഷങ്ങൾക്ക് വിലമതിക്കുന്ന നക്ഷത്ര ആമകളുമായി കെഎസ്ഇബി ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തൈക്കാട് കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരാണ് പിടിയിലായത്.
10 – 25 ലക്ഷം വരെ വിലവരുന്ന രണ്ട് നക്ഷത്ര ആമകളുമായാണ് പ്രതികൾ പിടിയിലായത്. കഴക്കൂട്ടത്ത് നിന്ന് വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു.
സജിത്തിന്റെ സുഹൃത്ത് വഴി തമിഴ്‌നാട്ടിൽ നിന്നാണ് നക്ഷത്ര ആമകളെ കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പിടിയിലായവരെ നാളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും.












