കോർപ്പറേറ്റുകൾ പൂർണ്ണമായും വിഴുങ്ങിയ ഒരു വ്യവസായ മേഖലയായി മാധ്യമരംഗം മാറിയ പുതിയ കാലത്ത്, അതിനു പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് വാർത്തകളെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കോർപ്പറേറ്റ് പ്രീണന നയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണെന്നും രാജ്യത്ത് ഇതിനൊരു യഥാർത്ഥ ബദൽ മുന്നോട്ടുവെക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ‘മാധ്യമങ്ങൾ ജന്തർമന്തറിന് ശേഷം’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിലും ഭരണരംഗത്തും ഒരു ശക്തമായ വിലപേശൽ ശക്തിയായി പോലും ഇടതുപക്ഷം ഉയർന്നുവരുന്നത് കോർപ്പറേറ്റുകൾക്ക് കനത്ത ഭീഷണിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തണമെങ്കിൽ അതിന്റെ പ്രധാന ശക്തികേന്ദ്രമായ സി.പി.ഐ.എമ്മിനെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി വ്യാജ പ്രചാരണങ്ങളിലൂടെയും നിഷേധാത്മക വാർത്തകളിലൂടെയും ദിനംപ്രതി സി.പി.ഐ.എമ്മിനെ വേട്ടയാടാൻ മാധ്യമങ്ങളെ അവർ പ്രധാന ആയുധമാക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു.












