ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി തുടർന്ന് എൻഐഎ. ഒരു ഭീകരന്റെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. കുപ്വാര സ്വദേശി അബ്ദുൾ റാഷിദ് ഖുറേഷിയെന്ന ഫറൂഖ് ഖുറേഷിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു എൻഐഎയുടെ നിർണായക നീക്കം. നിലവിൽ ഇയാൾ പാകിസ്താനിലാണ്. പാകിസ്താനിൽ ഇരുന്നുകൊണ്ട് രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതികൾ ഇടുകയും നടപ്പാക്കുകയും ചെയ്യുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെയായിരുന്നു സ്വത്തുക്കൾ പിടിച്ചെടുക്കാൻ തീരുമാനിച്ചത്. കുപ്വാരയിലെ വിവിധയിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിന്റെ മൂല്യം കണക്കാക്കിവരികയാണ്.
കുപ്വാര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ കേസിലായിരുന്നു ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചത്. ഇയാൾ പാക് ഭീകര സംഘടനയായ അൽ ബർഖിൽ ചേർന്നാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം. കശ്മീർ താഴ്‌വരയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
അടുത്തിടെ നിരവധി ഭീകരരുടെ സ്വത്തുക്കളാണ് എൻഐഎ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും സമാന നടപടി തുടരുമെന്നാണ് വിവരം.
Discussion about this post