ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തുമെന്ന് കെ പി ശശികല ടീച്ചർ. ഇവിടുത്തെ ഹൈന്ദവവിശ്വാസത്തിന്റെ മേലെ കയറാൻ എ എൻ ഷംസീറിന് ആരാണ് അധികാരം കൊടുത്തതെന്നും കെ പി ശശികല ടീച്ചർ ചോദിച്ചു.
ഹൈന്ദവ വിശ്വാസങ്ങളും ഹൈന്ദവ ധർമ്മവും ഏറെ അപമാനിക്കപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ ഹൈന്ദവ സമൂഹം പ്രതിഷേധത്തിനും പ്രതിരോധത്തിനും ഇറങ്ങേണ്ട സമയമാണ് ഇപ്പോൾ എന്ന് ശശികല ടീച്ചർ വ്യക്തമാക്കി. ഈ പ്രതിഷേധത്തിന്റെ ആദ്യത്തെ പടിയായാണ് ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തുന്നതെന്നും ശശികല ടീച്ചർ അറിയിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ പി ശശികല ടീച്ചർ.
“കിറ്റ് ഇന്ത്യ സമരത്തിലെ ദേശീയ വികാരം പോലെ നമുക്കും ചിലരോട് ഇറങ്ങിപ്പോകാൻ പറയേണ്ടതുണ്ട്. അത് ക്ഷേത്രത്തിൽ നിന്നുമാണ്. ക്ഷേത്ര കാര്യങ്ങൾ നടത്തേണ്ടത്, ക്ഷേത്രത്തിൽ ഇരിക്കുന്നത് ഈശ്വരൻ ആണെന്ന് വിശ്വസിക്കുന്നവരാണ്. അല്ലാതെ അതു വെറും മിത്താണ് എന്ന് വിശ്വസിക്കുന്നവരല്ല” എന്നായിരുന്നു കെ പി ശശികല ടീച്ചറുടെ വാക്കുകൾ.
ക്ഷേത്രമൂർത്തികൾ വെറും മിത്ത് ആണെന്നും വിശ്വാസങ്ങൾ വെറും കെട്ടുകഥകൾ ആണെന്നും വിശ്വസിക്കുന്നവർ ക്ഷേത്രകാര്യങ്ങളിൽ ഇടപെടരുത് എന്ന ശക്തമായ താക്കീത് നൽകാൻ തന്നെയാണ് ഓഗസ്റ്റ് 9ന് മൂന്ന് ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്കും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ മാർച്ച് നടത്തുന്നത് എന്നും കെ പി ശശികല ടീച്ചർ വ്യക്തമാക്കി. ദിവസം ബോർഡിന് ക്ഷേത്രജീവനക്കാരോട് പോലും പ്രതിബദ്ധതയില്ലെന്നും ശമ്പളം പോലും കൃത്യമായി നൽകാത്തതിനാൽ ജീവനക്കാർ സമരത്തിൽ ആണെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് ആസൂത്രിതമായി അശുദ്ധമായ വസ്തുക്കൾ ക്ഷേത്രത്തിൽ ഉപയോഗിക്കുന്നു എന്നും ശശികല ടീച്ചർ പറഞ്ഞു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ വെറും മതേതര സ്ഥാപനങ്ങൾ ആക്കി അധപതിപ്പിക്കുകയാണെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിച്ചേ മതിയാകൂ എന്നും കെ പി ശശികല ടീച്ചർ വ്യക്തമാക്കി.
Discussion about this post