ഹരിയാന : നൂഹ് ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ കലാപകാരികൾ ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വാഹനത്തിന് തീയിട്ട സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ ആണ് സായുധ സംഘം ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തത്. ജഡ്ജിയുടെ മകളും ഈ സമയം കാറിൽ ഉണ്ടായിരുന്നു.
ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു വർക്ക് ഷോപ്പിലേക്ക് ഓടി കയറിയാണ് ജഡ്ജിക്കും മകൾക്കും ഈ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ആയത്. 60ലധികം പേരടങ്ങുന്ന സായുധസംഘമാണ് ജഡ്ജിയെയും മകളെയും കാർ തടഞ്ഞുനിർത്തി ആക്രമിക്കാൻ എത്തിയത്. മകളെയും കൂട്ടി ആശുപത്രിയിൽ പോയി മടങ്ങും വഴിയാണ് ജഡ്ജിയുടെ കാർ പ്രതിഷേധസംഘം ആക്രമിക്കുന്നത്. ആയുധങ്ങൾ ഉപയോഗിച്ച് തകർത്തതിനുശേഷം ഇവർ വാഹനം കത്തിക്കുകയും ചെയ്തു.
നൂഹിലെ അക്രമ സംഭവങ്ങളിൽ ഇതുവരെയായി 200 ലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഗുരുഗ്രാം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെയായി സെക്ഷൻ 307, 435, ഇന്ത്യൻ പീനൽ കോഡിന്റെ (IPC) ആയുധ നിയമം, ക്രിമിനൽ നടപടിച്ചട്ടം (CRPC) സെക്ഷൻ 154 എന്നിവ പ്രകാരം മൊത്തം 116 പേരെ അറസ്റ്റ് ചെയ്യുകയും 14 പ്രഥമ വിവര റിപ്പോർട്ടുകൾ (FIR) രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Discussion about this post