ഛണ്ഡീഗഡ് : ഹരിയാനയിലെ മേവാത്-നുഹ് മേഖലയിലുണ്ടായ ഹിന്ദു വിരുദ്ധ കലാപം ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്യപ്പെട്ടിരുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ. നൂഹിൽ ഹിന്ദു വിഭാഗത്തിന് നേരെ ശക്തമായ ആക്രമണം ആണ് ഉണ്ടായത് . ഈ വർഗീയ കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. പത്തിലധികം പോലീസുകാർ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഇപ്പോൾ പുറത്തുവരുന്ന ചില വെളിപ്പെടുത്തലുകൾ അനുസരിച്ച് നൂഹിലെ കലാപം നേരത്തെ ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതിയായിരുന്നു.
തീവ്രവാദ സംഘടനകളായ സിമിയുമായും പാക് ജമാഅത്ത് ഇ ഇസ്ലാമിയുമായും ബന്ധമുണ്ടെന്ന് അറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (AIMC) എന്ന സംഘടന ദിവസങ്ങൾക്കു മുമ്പ് തന്നെ ട്വിറ്ററിൽ ബ്രജ്‌മണ്ഡല് ശോഭാ യാത്ര ആക്രമിക്കപ്പെടും എന്നുള്ള രീതിയിൽ ഭീഷണി മുഴക്കിയിരുന്നു. ഹിന്ദിയിൽ എഴുതിയ പ്രകോപനപരമായ പോസ്റ്റിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ മോനു മനേസറിനെ ലക്ഷ്യമിട്ട് ജൂലൈ 27-ന് തന്നെ കലാപത്തിനായുള്ള ആസൂത്രണം ആരംഭിച്ചിരുന്നു . കലാപത്തിന് ദിവസങ്ങൾക്ക് മുമ്പുള്ള IAMC യുടെ ട്വീറ്റ് സംഭവിക്കാൻ പോകുന്ന വർഗീയ ലഹളയെ കുറിച്ച് സൂചന നൽകുന്നതായിരുന്നു.
ബ്രജ്‌മണ്ഡല് ശോഭാ യാത്രയ്ക്ക് മുന്നോടിയായി മോനു മനേസർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ശോഭായാത്രയിൽ താൻ പങ്കെടുക്കുമെന്നും ജനങ്ങളോട് വൻതോതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തുള്ളതായിരുന്നു ഈ വീഡിയോ. ഹരിയാനയിലെ ബജ്‌റംഗ്ദളിന്റെ ഗോരക്ഷാ ദളിന്റെ തലവൻ കൂടിയാണ് മോഹിത് യാദവ് എന്ന മോനു മനേസർ. ഇദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം നിരവധി പശുക്കടത്ത് സംഘങ്ങൾ ഈ മേഖലയിൽ പോലീസിന്റെ വലയിലായിരുന്നു. പശു സംരക്ഷകനായി അറിയപ്പെട്ടിരുന്ന മോനു മനേസർ ഈ മേഖലയിലെ ഇസ്ലാമിക തീവ്രവാദികളുടെ വലിയ തലവേദന ആയാണ് അറിയപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിൽ മോനു മനേസറിനെ വക വരുത്താനായി ശോഭാ യാത്രയ്ക്ക് നേരെ വലിയ രീതിയിലുള്ള കലാപം അഴിച്ചുവിട്ടത് എന്നാണ് സൂചന. എന്നാൽ മനേസറിൽ പോലീസ് തടഞ്ഞതിനാൽ മോനു മനേസറിന് ഘോഷയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകരുടെ ബ്രജ്‌മണ്ഡല് ശോഭ യാത്ര നുഹിന്റെ ജൻതാ പാർക്കിൽ എത്തിയപ്പോൾ ആണ് ജാഥയ്ക്ക് നേരെ കല്ലേറ് ആരംഭിച്ചത് . തുടർന്ന് നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ജനക്കൂട്ടം പെട്ടെന്ന് അക്രമം തുടങ്ങിയ രീതിയിൽ നന്നായി ആവിഷ്കരിച്ച് എടുത്ത പദ്ധതിയായിരുന്നു ഇതിന് പുറകിൽ എന്ന് ആദ്യമേ തന്നെ സംശയം ഉയർന്നിരുന്നു . ശോഭ യാത്രയ്ക്ക് നേരെ ആക്രമണം നടത്തുന്നതിനുള്ള ഗൂഢാലോചന ദിവസങ്ങൾക്കു മുമ്പ് തന്നെ നടന്നിരുന്നുവെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും വെളിപ്പെടുത്തിയിട്ടുണ്ട് . കലാപത്തിന് പുറകിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post