ന്യൂഡൽഹി : കഴിഞ്ഞ 20 മാസത്തിലേറെയായി ജർമനിയിൽ വളർത്തുപരിചരണത്തിൽ കഴിയുന്ന അരിഹ എന്ന പെൺകുഞ്ഞിനെ വേഗം തന്നെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനായി ഇന്ത്യ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിച്ചുവരുത്തി ആവശ്യം ഉന്നയിച്ചു. ഏഴ് മാസം പ്രായമുള്ളപ്പോൾ ആകസ്മികമായി പരിക്കേറ്റതിനെത്തുടർന്നാണ് അരിഹ ഷാ എന്ന ഇന്ത്യൻ പെൺകുഞ്ഞിനെ ജർമ്മനിയിലെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിൽ വിടുന്നത്.
2021 സെപ്റ്റംബർ 23 നായിരുന്നു ഈ സംഭവം. ബെർലിനിൽ താമസമാക്കിയിരുന്ന ഗുജറാത്തി സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭവേഷ് ഷായുടെയും ഭാര്യ ധാരയുടെയും കുഞ്ഞാണ് അരിഹ. 2021 സെപ്റ്റംബറിൽ ബെർലിനിൽ എത്തിയ കുട്ടിയുടെ മുത്തശ്ശിയിൽ നിന്നും ആകസ്മികമായി കുട്ടിയ്ക്ക് പരിക്കേറ്റു എന്നാണ് ഈ സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ പറയുന്നത്. അന്നുമുതൽ ഈ പെൺകുഞ്ഞ് ജർമനിയിലെ ഫോസ്റ്റർ കെയറിലാണുള്ളത്. അരിഹ ഷായുടെ മാതാപിതാക്കളുടെ കസ്റ്റഡി അപേക്ഷകൾ ജർമ്മൻ കോടതി നിരസിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ആണ് ഈ ആഴ്‌ച ആദ്യം ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിപ്പിച്ചതായും അരിഹയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹത്തോട് വ്യക്തമാക്കിയതായും പറഞ്ഞത്. കുട്ടി അവളുടെ ഭാഷാപരവും മതപരവും സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ വളരേണ്ടത് പ്രധാനമാണെന്ന വാദമാണ് ഇന്ത്യൻ സർക്കാർ ഉയർത്തുന്നത്. കുഞ്ഞിനെ ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് തന്നെ തിരികെ കൊണ്ടു വരാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നും അരിന്ദം ബാഗ്‌ചി വ്യക്തമാക്കി.
Discussion about this post