കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം.താലിബാന്‍ ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി ഒരു താലിബാന്‍ അനുകൂല വെബ്‌സൈറ്റില്‍ തീവ്രവാദികള്‍ അവകാശപ്പെടുന്നുണ്ട്.
വിമാനത്താവളത്തിന് സമീപമുള്ള വിദ്യാലയത്തില്‍ തമ്പടിച്ച ഭീകരര്‍ വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് വിമാനത്താവളത്തിനുള്ളില്‍ കടന്നതായാണ് അറിയുന്നത്. ഭീകരര്‍ സ്‌ക്കൂളില്‍ തമ്പടിച്ച് വിമാനത്താവളത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.ചാവേറുകളായ ചില ഭീകരര്‍ വിമാനത്താവളത്തിനു അകത്തുണ്ടെന്നും സൂചനയുണ്ട്.വിമാനത്താവള ആക്രമണത്തിന് ഒരു മണിക്കൂറു മുന്‍പ്
കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കാണ്ഡഹാറിലെ പോലീസ് സ്‌റ്റേഷനു നേരെ നടത്തിയ ആക്രമണത്തിനിടെ രണ്ട് ചാവേറുകള്‍ കൊല്ലപ്പെട്ടിരുന്നു.വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയും സമീപമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയും ഭീകരര്‍ ആക്രമണം നടത്തിയതായി അറിയുന്നു. അഫ്ഗാന്‍ സൈനികര്‍ തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും ഭീകരരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post