ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയങ്ങളും ഒരു സമനിലയുമായി പത്ത് പോയിന്റ് ഉള്ള ഇന്ത്യ പട്ടികയിൽ ഒന്നാമതാണ്.
ആറാം മിനിറ്റിലെ ഗോളിലൂടെ നീലകണ്ഠ ശർമ്മയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ആതിഥേയരുടെ ആഹ്ലാദം അൽപ്പായുസ്സായിരുന്നു. ആറ് മിനിറ്റുകൾ കൂടി പിന്നിട്ടപ്പോൾ കിം സുംഗ്യൂൻ കൊറിയയെ ഒപ്പമെത്തിച്ചു. എന്നാൽ ഇരുപത്തി മൂന്നാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണർ ഗോളാക്കിയതോടെ ഇന്ത്യ വീണ്ടും ലീഡെഡുത്തു.
മുപ്പത്തി മൂന്നാം മിനിറ്റിൽ മൻദീപ് സിംഗ് വീണ്ടും കൊറിയൻ വല കുലുക്കിയതോടെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. അൻപത്തിയെട്ടാം മിനിറ്റിൽ യാംഗ് ജിഹുനിലൂടെ കൊറിയ രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും അവസാന മിനിറ്റുകളിൽ പ്രതിരോധം കടുപ്പിച്ചതോടെ മത്സരം ആധികാരികമായി ഇന്ത്യ കൈപ്പിടിയിലൊതുക്കി.








