പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന് കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ ലഭിച്ചു എന്ന വിവാദത്തില്‍ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. കരാറുണ്ടാക്കി അഴിമതി നടത്തുന്നത് ഇന്ത്യയിലിത് ആദ്യമാണെന്നും അഴിമതിയില്‍ ലാലു പ്രസാദിനും ജയലളിതയക്കും പിന്‍ഗാമിയാണ് പിണറായി വിജയനെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. നിയമസഭയില്‍ വിഡി സതീശനുമായി ഒത്തുകളിച്ച് ഇനിയും പിടിച്ച് നില്‍ക്കാന്‍ പിണറായി വിജയന് കഴിയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. സാമൂഹ്യമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
മുഖ്യമന്ത്രിയുടെ മകള്‍ക്ക്, ഒരിക്കലും നല്‍കാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി മാസപ്പടി കിട്ടിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലക്ക് തന്നെയാണ് ഈ അഴിമതിപ്പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഏതെങ്കിലുമൊരു വിഐപി അഴിമതിക്കേസില്‍ കൃത്യമായ മണി ട്രെയില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. പണം കൈമാറ്റം ചെയ്യപ്പെട്ടത് തെളിവോടെയാണ്. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും കരാറുണ്ടാക്കി അഴിമതി നടത്തുന്നത് .
ബംഗളൂരുവില്‍ ഒരു പണിയും നടത്താത്ത ഉഡായിപ്പ് കമ്പനി രജിസ്റ്റര്‍ ചെയ്യുന്നു. കേരളത്തിലെ സ്വകാര്യ കമ്പനിക്ക് ചില സേവനങ്ങള്‍ നല്‍കാമെന്ന തരികിട കരാര്‍ എഴുതിയുണ്ടാക്കുന്നു. ആ കരാറിന്റെ പേരില്‍ സ്വകാര്യ കമ്പനി മുതലാളി മാസപ്പടി കൃത്യമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നല്‍കുന്നു.
സ്വകാര്യ കമ്പനിയില്‍ ഐടി റെയ്ഡ് നടന്നപ്പോള്‍ കരാറില്‍ പറയുന്ന ഒരു സേവനവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മൊഴിനല്‍കുന്നു. നിയമസഭക്കകത്ത് വിഡിസതീശനുമായി ഒത്തുകളിച്ച് ഇനിയും പിടിച്ചു നില്‍ക്കാന്‍ പിണറായി വിജയന് സാധിക്കില്ല. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഒരര്‍ഹതയും പിണറായിക്കില്ല. രാജി മാത്രമാണ് പോംവഴി. ജയലളിതക്കും ലാലു പ്രസാദ് യാദവിനും പിന്‍ഗാമിയാണ് പിണറായി വിജയന്.








