ബ്രസ്സല്‍സ്: വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധികളെ മുന്‍നിര്‍ത്തി നടത്തിയ പഠനങ്ങളനുസരിച്ച് ചരിത്രത്തിലേ ഏറ്റവും ചൂടേറിയ മാസമായി 2023 ജൂലൈ സ്ഥിതീകരിക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സെര്‍വ്വീസ് എന്ന സംഘടനയാണ് ഗവേഷണം നടത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ആഗോള താപനിലയില്‍ ഭയാനകമായ വര്‍ദ്ധനവാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്.
നിലവില്‍ 2023 ഏറ്റവും ചൂടേറിയ മൂന്നാമത്തെ വര്‍ഷമാണെന്ന് കോപ്പര്‍നിക്കസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു. മുന്‍പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂടാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ജൂലൈയില്‍ ആഗോളതലത്തില്‍ വായുവിന്റെയും സമുദ്രോപരിതലത്തിന്റെയും താപനില പുതിയ സര്‍വകാല റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടിവരുന്നതാണ് ഭൂമിയിലെ അപകടകരമായ ചൂടിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അവ കുറയ്ക്കുന്നതിനുള്ള അടിയന്തിര ശ്രമങ്ങളാണ് നാം നടത്തേണ്ടത്’, അവര്‍ പറഞ്ഞു.
കാലിഫോര്‍ണിയയിലെ ഡെത്ത് വാലി മുതല്‍ വടക്കുപടിഞ്ഞാറന്‍ ചൈന വരെ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂട് ആഗോളതലത്തില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. കാനഡയിലും തെക്കന്‍ യൂറോപ്പിലും കാട്ടുതീ ആളിപ്പടരുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിനാശകരമായ പ്രത്യാഘാതങ്ങളെ കൂടുതല്‍ എടുത്തുകാണിക്കുന്നു.
മനുഷ്യനിര്‍മ്മിതമായ ആഗോളതാപനം മൂലം ഭൂമിയിലെ ഓരോ അഞ്ചില്‍ നാലുപേര്‍ക്കും അസഹനീയമായ ചൂടാണ് ജൂലൈ മാസത്തില്‍ അനുഭവപ്പെട്ടത്. ലോകത്തിലെ 2 ബില്ല്യണിലധികം ജനങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്താല്‍ വര്‍ദ്ധിച്ച ചൂടാണ് കഴിഞ്ഞ ഒരു മാസം മുഴുവന്‍ അനുഭവിക്കേണ്ടി വന്നതെന്ന് ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. ലോകമെമ്പാടുമുള്ള താപനില തത്സമയം വിശകലനം ചെയ്യുന്നതിനായി ക്ലൈമറ്റ് ഫിംഗര്‍ പ്രിന്‍റിംഗ് രീതികള്‍ ഉപയോഗിക്കുകയും നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള താപനിലകളുമായി ഇവ താരതമ്യം ചെയ്തുമാണ് പഠനങ്ങള്‍ നടത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി ആഗോളതലത്തില്‍ അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഓരോ മാസവും കടന്നുപോകുമ്പോള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആഗോളതലത്തില്‍ സഹകരണവും പ്രയത്‌നവും അടിയന്തിരമായി ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post