ന്യൂഡൽഹി : ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. മണിപ്പൂർ വിഷയം സഭയിൽ ഉന്നയിക്കുന്നത് ആവർത്തിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. 10 മാസത്തിനുള്ളിൽ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഓണ്‍ലൈന്‍ സംവിധാനങ്ങൾ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതാണ് ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ. ഈ നിയമം നടപ്പിൽ വരുന്നതോടെ ഗവൺമെന്റും നിയമനിർവ്വഹണ ഏജൻസികളും ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓൺലൈനായി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കും. ‘സ്വകാര്യതയ്ക്കുള്ള അവകാശം’ മൗലികാവകാശമായി സുപ്രീം കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൃത്യവും സൂക്ഷ്മവുമായ പരിശോധനകളും നടപടികളും വേണ്ടതിനാൽ നിയമനിർമ്മാണത്തിന് ആറു മുതൽ 10 മാസം വരെ സമയം എടുക്കും എന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിലെ സുപ്രധാന ബില്ലാണ് ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ എന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
Discussion about this post