തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്.
ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിൽ വിളിച്ചാണ് ഇയാൾ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രതിയെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇതിന് മുൻപ് മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തിരുന്നു. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പിടിയിലായത്.100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒക്കെ പണി വാങ്ങുമെന്നായിരുന്നു ഇ മെയിൽ സന്ദേശം. മെയിൽ അയക്കാനുപയോഗിച്ച ഫോണും പിടിച്ചെടുത്തിരുന്നു. പോലീസ് ഹൈടെക് സെല്ലിൽനിന്ന് കാട്ടാക്കട സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിലായിരുന്നു അന്വേഷണം.












