ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
അനന്ത്നാഗ്ജില്ലയിലെ കോക്കർനാഗിലെ അത്ലൻ ഗഡോൾ പ്രദേശത്ത് ഭീകരർക്കായി പരിശോധന നടത്തുന്നതിനിടെ ആയിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു സുരക്ഷാ സേന പ്രദേശത്ത് പരിശോധനയ്ക്കായി എത്തിയത്. ഇതിനിടെ ഇവർക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. അപ്രതീക്ഷിതമായുള്ള ആക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ പ്രദേശവാസികളാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
കശ്മീർ പോലീസിന്റെ സഹായത്തോടെയായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്. സുരക്ഷാ സേനയെ ആക്രമിച്ച് രക്ഷപ്പെടാൻ ആയിരുന്നു ഭീകരരുടെ ശ്രമം. എന്നാൽ മൂന്ന് ഭീകരരെ പിടികൂടുകയായിരുന്നു.
ഖാൻസാഹിബ് പോലീസ് സ്റ്റേഷന് പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും ഗ്രനേഡും തോക്കടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.
Discussion about this post