ന്യൂഡൽഹി: തുടർച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാ നടപടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്‌ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം ലോക്‌സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു.
അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിൽ അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ തന്നെ ബിജെപി നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിക്ക് എതിരായി നടത്തിയ മോശം പരാമർശങ്ങൾ ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഈ വിഷയത്തിൽ ചൗധരി മാപ്പ് പറയണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനാലാണ് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.
Discussion about this post