തിരുവനന്തപുരം : പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കാരണം ഗ്രൂപ്പ് വഴക്ക് പേടിച്ചിട്ടാണെന്ന് ഇ പി ജയരാജൻ. വേറെ ഗ്രൂപ്പ് മുന്നോട്ടു വരുമോ എന്നുള്ള ഭയം കൊണ്ടാണ് നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എന്നാൽ എൽഡിഎഫിന് അങ്ങനെയുള്ള ഭയമൊന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.
പുതുപ്പള്ളിയിൽ ജയ്ക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് നിങ്ങൾ പ്രഖ്യാപിച്ചല്ലോ എന്നാണ് ജയരാജൻ മറുപടി നൽകിയത്. പാർട്ടി സംഘടനാപരമായ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട കമ്മിറ്റികൾ എല്ലാം ചേർന്ന് തീരുമാനമെടുക്കും.
ഞങ്ങൾക്ക് തീരുമാനം ആക്കാൻ അധികം സമയം ഒന്നും വേണ്ട എന്നും അതുകൊണ്ട് ആരും ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുതുപ്പള്ളിയിലെയും കോട്ടയത്തെയും ജനങ്ങൾ ഇപ്പോൾ പഴയ പോലെയല്ല എന്നാണ് ഇ പി ജയരാജൻ മറുപടി പറഞ്ഞത്. ഞങ്ങൾ ജനങ്ങളോടൊപ്പം നിൽക്കുന്നവരാണ് എന്നാൽ യുഡിഎഫ് ജനങ്ങളെ ഭയക്കുന്നവരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ് വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post