കൊടുങ്ങല്ലൂർ : മതിലകം പൊക്ലായിയിൽ ആമകളെ കൈവശം വെച്ച കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന പേരിൽ കഴിഞ്ഞ ജൂൺ 13 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ഒടുവിൽ ജാമ്യം ലഭിച്ചു. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേഷിന് ജാമ്യം അനുവദിച്ചത്. ഇദ്ദേഹം ജയിലിൽ ആയതിനെ തുടർന്ന് സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഈ കുടുംബം കുഞ്ഞുങ്ങളുമായി അനുഭവിക്കുന്ന ദുരിതം ബ്രേവ് ഇന്ത്യ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് സുരേഷിന്റെ സാമൂഹിക, സാമ്പത്തിക അവസ്ഥ പരിഗണിച്ച് കോടതി ആൾജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു ടാർപായ വലിച്ചുകെട്ടിയ കുടിലിൽ സുരേഷിന്റെ ഭാര്യ റോജയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം യാതൊരു സുരക്ഷയും ഇല്ലാതെ കഴിഞ്ഞിരുന്നത് ബ്രേവ് ഇന്ത്യ ന്യൂസ് ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചിരുന്നു . സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് സുരേഷിന്റെ കേസിൽ ഉണ്ടായത്. റോജ കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു മുമ്പിൽ ലോട്ടറി വിറ്റിട്ടായിരുന്നു ഗൃഹനാഥന്റെ അഭാവത്തിൽ ഈ കുടുംബം ഇത്രയും നാൾ കഴിഞ്ഞു വന്നിരുന്നത്. ജാമ്യം ലഭിക്കാൻ കരമടച്ച രസീതും രണ്ട് ആൾ ജാമ്യവും വേണമെന്നുള്ളത് സുരേഷിന്റെ മോചനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
മലവേട സമുദായത്തിൽ പെട്ട സുരേഷിനെ രണ്ട് ആമകളെ കൈവശം വെച്ചു എന്ന കാരണത്താലാണ് നാലുവർഷം മുമ്പ് വനം വകുപ്പ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്. അന്നും ഏറെ കാലം ജയിലിൽ കിടന്നശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. മാസത്തിൽ ഒരുതവണ വീതം വെള്ളികുളങ്ങര സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണമെന്ന ജാമ്യവ്യവസ്ഥയിൽ ആയിരുന്നു മോചനം. ഇക്കഴിഞ്ഞ ജൂണിൽ ഒപ്പിടാൻ സാധിക്കാതെ ആയതിനെ തുടർന്നാണ് സുരേഷ് വീണ്ടും ജയിലിൽ ആകുന്നത്.
സുരേഷിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുരിത കഥ ബ്രേവ് ഇന്ത്യ ന്യൂസിലൂടെ അറിഞ്ഞ ശേഷം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ സംഭവത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ സുരേഷിന് ജാമ്യം ലഭിച്ചതോടെ വലിയ ആശ്വാസമാണ് റോജയ്ക്കും മക്കൾക്കും ഉണ്ടായിരിക്കുന്നത്. അഡ്വ. ടി എച്ച് മഹേഷ് ആണ് സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായത്.
Discussion about this post