ആലുവ : ആലുവയിൽ അഞ്ചുവയസ്സുള്ള ബാലിക കൊല്ലപ്പെട്ടതിന് നഗരസഭക്കും ഉത്തരവാദിത്തമുണ്ടെന്നും ചെയർമാൻ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി കൗൺസിലർമാർ നഗരസഭാ കൗൺസിലിൽ ചെയർമാനെ ഉപരോധിച്ചു. ആലുവയിലെ മാർക്കറ്റ് ആർക്കും ഏതു നേരവും കേറി എന്തും കാണിക്കാമെന്നുള്ള അവസ്ഥയിലാണ് . 8 കൊല്ലമായി പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റ് സാമൂഹ്യവിരുദ്ധരുടെ താവളമായതിനു നഗരസഭാ ഭരണസമിതിയും ചെയർമാനും ഉത്തരവാദികളാണ്. കുട്ടിയുടെ കൊലപാതകം നടത്തിയ പ്രതിക്ക് അവിടെ യഥേഷ്ടം വിഹരിക്കാനുള്ള അവസരമുണ്ടായത് അതുകൊണ്ടാണ്.
കൃത്യത്തിനു ശേഷം പ്രതി പോയി എന്ന് സംശയിക്കുന്ന കെ എസ് ആർ ടി സി സ്റ്റാൻഡ്, ബീവറേജസ് ഔട്ട്ലെറ്റ് തുടങ്ങിയവ കാലങ്ങളായി മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. ഇതിനെക്കുറിച്ചു നിരവധി പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കൗൺസിൽ ഉപരോധിച്ചുള്ള പ്രതിഷേധമെന്ന് ബിജെപി കൗൺസിലർമാരായ എൻ ശ്രീകാന്ത്, പ്രീത പി എസ്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. ഉപരോധത്തിനിടയിൽ കൗൺസിലർമാരെ കൈയേറ്റം ചെയ്യാൻ യുഡിഫ് കൗൺസിലർമാർ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി. ചെയർമാൻ കൗൺസിലിൽ നടപടികൾ നടത്തിയെന്ന് പറഞ്ഞു കൌൺസിൽ പിരിച്ചു വിട്ടിറങ്ങാൻ ശ്രമിച്ചെങ്കിലും ബിജെപി കൗൺസിലർമാർ ശക്തമായ ഉപരോധം തീർക്കുകയായിരുന്നു.
ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ നഗരസഭയിലെ കോൺഗ്രസ് ഭരണസമിതിയും ഇടതുപക്ഷവും ഒത്തുകളിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. യാതൊരു സുരക്ഷയും കെട്ടുറപ്പുമില്ലാതെ കിടക്കുന്ന മാർക്കറ്റ് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. 8 കൊല്ലമായി പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്ന ആലുവയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, ഗുഡ് ഷെഡ്, മണപ്പുറം തുടങ്ങിയവയെ കുറിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും ബിജെപി നടത്തിയിരുന്നു.
ഇതിനൊന്നും പരിഹാരമില്ലാത്ത സ്ഥിതിവന്നത് കൊണ്ട് ഇന്ന് ബിജെപി കൗൺസിലർമാർ കൗൺസിൽ ഉപരോധിച്ച്
ചെയർമാന്റെ രാജി ആവശ്യപ്പെട്ടു.
പക്ഷെ കൗൺസിലിൽ കോൺഗ്രസ് കൗൺസിലർമാരോടൊപ്പം ചെയർമാനെ അനുകൂലിച്ചു പ്രതിരോധം തീർക്കുന്നതിനാണ് ഇടതുപക്ഷ കൗൺസിലർമാർ ശ്രമിച്ചതെന്ന് ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ് എ സെന്തിൽ കുമാർ പറഞ്ഞു. കൗൺസിൽ ഉപരോധത്തിന് ശേഷം ബിജെപി ആലുവ മുനിസിപ്പൽ കമ്മിറ്റീയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭാഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഒത്തുകളിയിലൂടെ ഐ.എൻ.ഡി.ഐ.എ സഖ്യം നഗരസഭയിലും നടപ്പിലായി എന്നാണ് മനസിലാവുന്നതെന്നു മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ പത്മകുമാർ പറഞ്ഞു. ഉപരോധത്തിൽ കൗൺസിലർമാരായ എൻ ശ്രീകാന്ത്, പ്രീത പി എസ്, ശ്രീലത രാധാകൃഷ്ണൻ, രത്നകുമാർ എൻ വി, വി പി രാധാകൃഷ്ണൻ, ആർ സതീഷ്കുമാർ, കെ എസ് ബാലകൃഷ്ണൻ, ശശി തുരുത്ത് , അനൂപ് ചുണങ്ങംവേലി, എം ജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post