ജമ്മു : ഈ വർഷത്തെ അമർനാഥ് തീർത്ഥയാത്ര ആരംഭിച്ചതിനുശേഷം ഇതുവരെയായി 4.28 ലക്ഷത്തിലധികം തീർഥാടകരാണ് യാത്ര നടത്തിയത്. അമർനാഥ് തീർത്ഥയാത്ര അവസാനിക്കാൻ ഇനിയും മൂന്നാഴ്ച കൂടി ശേഷിക്കുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് തന്നെ കഴിഞ്ഞവർഷത്തെ മൊത്തം തീർത്ഥാടകരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ ഇത്രയും ദിവസത്തിനുള്ളിൽ തീർത്ഥാടനം നടത്തിക്കഴിഞ്ഞു. റെക്കോർഡ് വർദ്ധനവാണ് ഈ വർഷം അമർനാഥ് തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
ദക്ഷിണ കാശ്മീർ ഹിമാലയത്തിലെ അമർനാഥിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം 62 ദിവസമായിരിക്കും ഉണ്ടായിരിക്കുക. ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ജൂലൈ 1 ന് ആണ് ആരംഭിച്ചത്. ഇത്തവണ ഇരട്ടപാതകളിലൂടെ ആയിരുന്നു തീർത്ഥാടകർ അമർനാഥ് യാത്ര നടത്തിയത്. അനന്ത്നാഗിലെ പരമ്പരാഗത പാതയായ 48 കിലോമീറ്റർ നീളമുള്ള നുൻവാൻ-പഹൽഗാം പാതയോടൊപ്പം ഗന്ദർബാൽ ജില്ലയിലൂടെയുള്ള 14 കിലോമീറ്റർ മാത്രം ദൂരമുള്ള ബാൽട്ടൽ പാതയിലൂടെയും ഇത്തവണ തീർത്ഥാടകർ അമർനാഥിൽ എത്തി.
ഓഗസ്റ്റ് 31 ന് രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ചായിരിക്കും അമർനാഥ് തീർത്ഥയാത്രയ്ക്ക് സമാപനമാവുക. അമർനാഥ് തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവരുടെ എണ്ണം ഈ വർഷം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾ കൊണ്ടും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഈ വർഷം 44 തീർത്ഥാടകരാണ് അമർനാഥ് യാത്രയ്ക്കിടയിൽ മരണപ്പെട്ടത്. കഴിഞ്ഞവർഷം മരണപ്പെട്ടവരുടെ എണ്ണം 71 ആയിരുന്നു. കാശ്മീർ പോലീസിന്റെയും കേന്ദ്ര സായുധസേനകളുടെയും ശക്തമായ സുരക്ഷയിലാണ് തീർത്ഥയാത്ര നടക്കുന്നത്.
Discussion about this post