ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ കാണാതായ പെൺചീറ്റയെ 22 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ജൂലൈ 21 മുതലാണ് നിർവ എന്ന ചീറ്റയെ കാണാതായത്. റേഡിയോ കോളർ പ്രവർത്തന രഹിതമായിരുന്നതിനാൽ ചീറ്റ എവിടെയെന്ന് കണ്ടെത്തുന്നതും അസാദ്ധ്യമായിരുന്നു. തുടർന്ന് ചീറ്റയ്ക്കായുളള തിരച്ചിലിലായിരുന്നു ഉദ്യോഗസ്ഥർ.
പാർക്കിലെ ദോരത് റേഞ്ചിന് 10 കിലോമീറ്ററിനുളളിലാണ് ചീറ്റയെ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിർവയുടെ വിശദമായ ആരോഗ്യ പരിശോധന ഉൾപ്പെടെ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മദ്ധ്യപ്രദേശ് വനംവകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഡ്രോൺ ടീമുകളും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ നൂറോളം പേരാണ് നിർവയ്ക്കായി തിരച്ചിൽ നടത്തിയിരുന്നത്. ചീറ്റയുടെ വിവരങ്ങൾ അവസാനം ലഭിച്ച മേഖലയുടെ 15 മുതൽ 20 ചതുരശ്ര കിലോമീറ്ററിനുളളിലായിരുന്നു തിരച്ചിൽ. ആനകളെയും തിരച്ചിലിനായി നിയോഗിച്ചിരുന്നു. ദേശീയോദ്യാന മേഖലയിലെ പ്രദേശവാസികൾക്കും വിവരങ്ങൾ കൈമാറി. ചീറ്റയെ കണ്ടാൽ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
ഈ മാസം 12 നാണ് നിർവയെക്കുറിച്ചുളള സൂചന ഉപഗ്രഹ വിവരങ്ങളിൽ നിന്ന് വീണ്ടും ലഭിക്കുന്നത്. ഡോഗ് സ്‌ക്വാഡിനെയും ഡ്രോൺ സംഘത്തെയും പ്രദേശത്ത് തിരച്ചിലിനായി ഉടൻ വിന്യസിച്ചു. വൈകിട്ടോടെയാണ് നിർവ്വയെ കണ്ടെത്താൻ കഴിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
പ്രാഥമിക പരിശോധനയിൽ നിർവ ആരോഗ്യവതിയാണെന്നും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.








