എറണാകുളം: സെന്റ് മേരീസ് ബസലിക്കയിൽ ശക്തമായ പ്രതിഷേധം. ബസലിക്കയിൽ പ്രാർത്ഥനയ്‌ക്കെത്തിയ മാർപ്പാപ്പയുടെ പ്രതിനിധിയെ തടഞ്ഞു. ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെയാണ് തടഞ്ഞത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ അദ്ദേഹത്തെ പളളിയിലേക്ക് പ്രവേശിപ്പിച്ചു.
വിമത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ പ്രതിനിധിയെ വിമത വിഭാഗം പളളിയ്ക്ക് മുൻപിൽ തടയുകയായിരുന്നു. കാറിലാണ് അദ്ദേഹം പള്ളിയിൽ എത്തിയത്. കാറിൽ നിന്നും പുറത്തറിങ്ങാൻ കഴിയാതെ വന്നതോടെ പോലീസ് എത്തി സംരക്ഷണം നൽകുകയായിരുന്നു. തുടർന്ന് കാറിൽ നിന്നും അദ്ദേഹത്തെ പുറത്തിറക്കി പള്ളിയിലേക്ക് കയറ്റി. പത്തോളം പോലീസുകാരാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയത്.
ഇതിനിടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. കുർബാന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വത്തിക്കാൻ പ്രതിനിധിയെ തടയുന്നതിലേക്ക് നയിച്ചത്. ഡിസംബറിൽ ബസലിക്കയിൽവച്ച് ഏകീകൃത കുർബാന നടത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. തുടർന്ന് മാസങ്ങളായി പളളി അടച്ചിട്ടിരിക്കുകയാണ്.












Discussion about this post