ന്യൂഡൽഹി: ജി 20 അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന് ആഗോള സംവാദത്തിന് ലഭിച്ച അവസരമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യൻ സമൂഹവുമായി താൻ നടത്തിയ ആശയവിനിമയത്തിലും സംവാദത്തിലുമൊക്കെ രാജ്യത്തിന്റെ പുതിയ യാത്രയിലെ ആത്മവിശ്വാസം ബോദ്ധ്യപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.
അന്താരാഷ്ട്ര വേദികളുടെ നേതൃത്വം ഇന്ത്യ ഏറ്റെടുത്തുകഴിഞ്ഞു. പ്രത്യേകിച്ച് ജി 20 അദ്ധ്യക്ഷ സ്ഥാനം. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്നതാണ് ജി 20. വ്യാപാര, സാമ്പത്തിക കാര്യങ്ങളിൽ സന്തുലിത പുരോഗതിക്കായി തീരുമാനമെടുക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ കഴിയുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വ്യാപാരവും സാമ്പത്തികവും എന്നതിനപ്പുറം മാനുഷീക വികാസവും പ്രധാന അജൻഡയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ജി 20 അദ്ധ്യക്ഷ സ്ഥാനത്തിന്റെ ആവേശം രാജ്യത്തെ ജനസമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെയും രാഷ്ട്രപതി പ്രകീർത്തിച്ചു. ജനങ്ങളുടെ പങ്കാളിത്തം അതിൽ ഉറപ്പിക്കാനായി രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പ്രചാരണ പരിപാടി നടക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ജി 20 ആശയങ്ങളിലൂന്നി സ്‌കൂളുകളിലും കോളജുകളിലും നടക്കുന്ന പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുന്നത് അതിന്റെ തെളിവാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യയുടെ നേതൃപാടവത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. മാനുഷീക മേഖലയിലും വികസന കാര്യത്തിലും ലോകത്ത് പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.










