ന്യൂഡല്‍ഹി : കോടതി വിധികള്‍ പ്രാദേശിക ഭാഷയില്‍ പൊതു ജനങ്ങള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ലഭ്യമാക്കണമെന്ന സൂപ്രീകോടതി നിര്‍ദ്ദേശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മോദിയുടെ പരാമര്‍ശം. ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രധാനമന്ത്രിയുടെ അഭിനന്ദനം കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
“കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അഭിനന്ദനാര്‍ഹമാണ്. മാതൃഭാഷകളുടെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്”, പ്രധാനമന്ത്രി പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്തത്.
സുപ്രീം കോടതി വിധികള്‍ ഹിന്ദി, തമിഴ്, ഒഡിയ, ഗുജറാത്തി ഭാഷകളില്‍ ലഭ്യമാക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൗരന്‍മാര്‍ക്ക് നീതി ഉറപ്പ് വരുത്താനാണ് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന ഭാഷയില്‍ വിധി പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇംഗ്ലീഷിലുള്ള വിധിപകര്‍പ്പ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മറ്റ് പ്രാദേശിക ഭാഷകളിലും വിധിപ്പകര്‍പ്പു നല്‍കാനുള്ള തയാറെടുപ്പിലാണെന്നും സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ജനങ്ങളിലേക്ക് ഇത് എളുപ്പത്തില്‍ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.








