പട്‌ന: ബിഹാറിൽ പശുക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് അക്രമികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നന്ദകിഷോർ യാദവാണ് കൊല്ലപ്പെട്ടത്. കന്നുകാലിക്കടത്തുസംഘത്തിൽ നിന്നുമുണ്ടായ അക്രമണത്തിൽ വെടിയേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ബിഹാറിലെ മോഹൻപുർ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ആളാണ് നന്ദകിഷോർ. സമസ്തിപൂർ ജില്ലയിൽ വച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പശുക്കളുമായി എത്തിയ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യാദവിന് വെടിയേറ്റത്. വാഹനങ്ങൾ പരിശോധിച്ച നന്ദകിഷോർ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്നവർ പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. യാദവിന്റെ ഇടതുകണ്ണിന് സമീപമാണ് വെടിയേറ്റത്.
പശുക്കടത്ത് സംഘത്തിലെ മൂന്ന് പേർ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ സംഘത്തിൽപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post