എറണാകുളം : മൂവാറ്റുപുഴ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ കുടുംബ വീട്ടില്‍ റവന്യൂ വിഭാഗം സര്‍വ്വേ നടത്തും. നാളെ രാവിലെ 11 മണിക്കാണ് കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമി അളന്ന് പരിശോധിക്കുന്നത്. ഇവിടെ മണ്ണിട്ട് നികത്തുന്നതിനെ ചൊല്ലി നേരത്തെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വ്വേക്ക് നോട്ടീസ് നല്‍കിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍വ്വേക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കണമെന്ന് കാട്ടി താലൂക്ക് സര്‍വേയര്‍ മാത്യൂ കുഴല്‍നാടന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കുഴല്‍നാടന്റെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി നേരത്തെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലത്ത് റീസര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് രാഷ്ട്രീയ ആയുധമായി സിപിഎം ഉയര്‍ത്തി കൊണ്ട് വരുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ നടപടി. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. പിഡബ്ല്യുഡിക്ക് റോഡ് നിര്‍മ്മിക്കാന്‍ കുടുംബവീടിനോട് ചേര്‍ന്ന സ്ഥലം നേരത്തെ വിട്ടു കൊടുത്തിരുന്നു. ഈ റോഡിന്റെ നിര്‍മ്മാണത്തിന് ശേഷം വീടിരിക്കുന്ന ഭാഗം ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ കയറ്റാന്‍ കഴിയുമായിരുന്നില്ല. അവിടേക്ക് റോഡ് വെട്ടിയതിനെതിരെയാണ് ചിലര്‍ പരാതിയുമായി വന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Discussion about this post