ഡാക്ക: ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ദേശീയ ഹിതപരിശോധനയ്ക്കും മുന്നോടിയായി ബംഗ്ലാദേശിൽ കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് കാലയളവിൽ രാജ്യത്ത് വ്യാപകമായ രാഷ്ട്രീയ അക്രമങ്ങൾക്കും തീവ്രവാദി ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്ന് ഡാക്കയിലെ യുഎസ് എംബസി പുറത്തിറക്കിയ സുരക്ഷാ ജാഗ്രതാനിർദ്ദേശത്തിൽ പറയുന്നു. ഭീകരവാദികൾ റാലികൾ, പോളിംഗ് സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിട്ടേക്കാമെന്നാണ് റിപ്പോർട്ട്.
ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷം രാജ്യം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. എന്നാൽ ഭൂരിപക്ഷ വർഗീയതയും തീവ്രവാദ ഗ്രൂപ്പുകളുടെ കടന്നുകയറ്റവും ബംഗ്ലാദേശിലെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഓഗസ്റ്റ് 2024 മുതൽ 2,000-ത്തിലധികം വർഗീയ അതിക്രമങ്ങൾ നടന്നതായും നൂറിലധികം ന്യൂനപക്ഷങ്ങൾ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 12-ന് പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ പരിഷ്കരണങ്ങൾക്കായുള്ള ഹിതപരിശോധനയും നടക്കും. ഇതിനിടെ മതപരമായ സ്ഥലങ്ങളായ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നേരെ ആക്രമണമുണ്ടാകാമെന്ന് യുഎസ് എംബസി പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അമേരിക്കൻ പൗരന്മാർ വലിയ ആൾക്കൂട്ടങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഫെബ്രുവരി 10 മുതൽ മോട്ടോർ സൈക്കിളുകൾക്കും 11, 12 തീയതികളിൽ എല്ലാ വാഹനങ്ങൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരത്തിൽ നിന്ന് വിലക്കിയ യൂനസ് സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയെ പുറത്തുനിർത്തി നടത്തുന്ന ഈ തിരഞ്ഞെടുപ്പ് ബംഗ്ലാദേശിനെ കൂടുതൽ അരാജകത്വത്തിലേക്കും ഇസ്ലാമിക തീവ്രവാദത്തിലേക്കും തള്ളിവിടുമോ എന്ന ഭയത്തിലാണ് ലോകരാജ്യങ്ങൾ. ഹസീന സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായി നിലനിന്നിരുന്ന സൗഹൃദത്തിന് വിള്ളലേൽപ്പിക്കാൻ വിദേശ ശക്തികളും തീവ്രവാദ സംഘടനകളും ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.












Discussion about this post