അസമിലെ കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടന അട്ടിമറിക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മാത്രം 64 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ഇവർ ഇന്ന് അവിടങ്ങളിൽ തദ്ദേശീയരേക്കാൾ സ്വാധീനം നേടിയതായും ഷാ ആരോപിച്ചു. ധേമാജിയിൽ നടന്ന കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റം തടയണമെങ്കിൽ അസമിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തണം. ധുബ്രി, ബാർപേട്ട, ദരംഗ്, മോറിഗാവ്, ബോംഗൈഗാവ്, നാഗോൺ, ഗോൾപാറ എന്നീ ഏഴ് ജില്ലകളിൽ നുഴഞ്ഞുകയറ്റക്കാർ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ 20 വർഷത്തെ കോൺഗ്രസ് ഭരണമാണ് ഈ അവസ്ഥയ്ക്ക് കാരണം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ സംസ്ഥാനത്തെ തദ്ദേശീയരുടെ നിലനിൽപ്പ് തന്നെ അപകടത്തിലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ നിങ്ങൾ ആയുധമെടുത്ത് അതിർത്തിയിലേക്ക് പോകണമെന്ന് ഞാൻ പറയുന്നില്ല. ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ആ ജോലി കൃത്യമായി ചെയ്തുകൊള്ളും. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ എന്നെന്നേക്കുമായി തടയണമെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി ബിജെപിക്ക് നിങ്ങളുടെ പിന്തുണ നൽകുക,” ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഇതിനകം തന്നെ 1.26 ലക്ഷം ഏക്കർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നടപടികൾ കാരണം നുഴഞ്ഞുകയറ്റം വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയമുറപ്പിക്കാൻ പ്രവർത്തകർ സജീവമാകണമെന്നും, അസമിലെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Discussion about this post