ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ഇനി രാത്രിയാത്രകളിലും വിസ്മയമാകും. പകലോട്ടത്തിന് മാത്രം പേരുകേട്ട വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് ഹൗറ – കാമാഖ്യ റൂട്ടിൽ സർവീസ് ആരംഭിച്ചിരിക്കുകയാണ്. അത്യാധുനികമായ ഇന്റീരിയറും ലോകനിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് ട്രെയിനിനുള്ളിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. ട്രെയിനിനുള്ളിലെ കാഴ്ചകൾ സോഷ്യൽമീഡിയകളിൽ വൈറലായതോടെ ഇന്ത്യൻ റെയിൽവേയുടെ ഈ കുതിച്ചുചാട്ടത്തെ വാനോളം പുകഴ്ത്തുകയാണ് ജനങ്ങൾ.
ഒരു അന്താരാഷ്ട്ര ട്രെയിൻ യാത്രയ്ക്ക് തുല്യമായ അനുഭവമാണ് വന്ദേ ഭാരത് സ്ലീപ്പർ നൽകുന്നതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. സ്ലീപ്പർ സെക്കൻഡ് എസി കോച്ചുകളിൽ സ്വകാര്യത ഉറപ്പാക്കാൻ ബീജ് നിറത്തിലുള്ള കർട്ടനുകളും കണ്ണിന് ആയാസമുണ്ടാക്കാത്ത ആംബിയന്റ് ലൈറ്റിംഗുമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ബർത്തുകളിലും വായനയ്ക്കായി പ്രത്യേക ടച്ച് സെൻസർ ലാമ്പുകളും നൽകിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ എംബ്ലം പതിപ്പിച്ച പുത്തൻ പുതപ്പുകളും അവയ്ക്കുള്ള കവറുകളും വൃത്തിയുടെ കാര്യത്തിൽ റെയിൽവേ വരുത്തിയ വൻ മാറ്റത്തിന് തെളിവാണ്.
യാത്രക്കാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ട്രെയിനിലെ അത്യാധുനിക ശൗചാലയങ്ങളാണ്. ബയോ വാക്വം ടോയ്‌ലറ്റുകൾ, ഗന്ധം വരാതിരിക്കാനുള്ള സംവിധാനങ്ങൾ, സെൻസർ ടാപ്പുകൾ എന്നിവയ്ക്ക് പുറമെ ഫസ്റ്റ് എസി കോച്ചുകളിൽ ഹോട്ട് വാട്ടർ ഷവർ സൗകര്യവും ലഭ്യമാണ്. ആന്റി ബാക്ടീരിയൽ സർഫസുകളും ആധുനിക മിററുകളും ഉൾപ്പെടെ ഒരു ആഡംബര ഹോട്ടലിന് സമാനമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് അസമിലെ കാമാഖ്യയിലേക്കുള്ള 1000 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. 16 കോച്ചുകളുള്ള ട്രെയിനിൽ മികച്ച സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് പ്രാദേശിക ബംഗാളി, അസമീസ് വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും ടിക്കറ്റ് നിരക്കിന്റെ ഭാഗമായി ലഭിക്കും.
റെയിൽവേയുടെ ഈ ആധുനിക മുഖം കാത്തുസൂക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്നും വന്ദേ ഭാരതിനെ ഇന്ത്യയുടെ യശസ്സായി കാണണമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു.










Discussion about this post