ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി ജെ റോയി (57) ജീവനൊടുക്കി. ബംഗളൂരുവിലെ ഓഫീസിനുള്ളിൽ വച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആദായനികുതി വകുപ്പിൻ്റെ പരിശോധന നടന്നുകൊണ്ടിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
സെൻട്രൽ ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വെച്ച് സ്വന്തം കൈത്തോക്കുപയോഗിച്ച് അദ്ദേഹം തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പും ഇഡിയും പരിശോധന നടത്തിവരികയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്നായിരുന്നു നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അശോക് നഗർ പോലീസ് കൂടുതൽ നടപടികൾ സ്വീകരിക്കുകയും അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൊച്ചി സ്വദേശിയായ സി ജെ റോയ് കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മുന്നേറ്റം നടത്തിയ വ്യക്തിയാണ്. നിർമ്മാണ മേഖലയ്ക്ക് പുറമെ സിനിമ നിർമ്മാണത്തിലും അദ്ദേഹം സജീവമായിരുന്നു. ദക്ഷിണേന്ത്യയിലെ ബിസിനസ് രംഗത്ത് വലിയ സ്വാധീനമുള്ള അദ്ദേഹത്തിന്റെ വിയോഗം വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത ബിസിനസ് സമ്മർദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.












Discussion about this post