ന്യൂഡൽഹി : ഒരു പ്രമുഖ ദേശീയ മാദ്ധ്യമം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും എന്നാണ്. നെഹ്റുവിന് ശേഷം മൂന്ന് തവണ തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന വ്യക്തിയായി മോദി മാറും എന്നാണ് സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കവയിലും എൻഡിഎ മുന്നണിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎൻഡിഐഎ മുന്നണിയും വിജയം സ്വന്തമാക്കുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു.
2024ൽ വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കിയതിന് പുറകെ ആണ് ഒരു ദിവസത്തിനു ശേഷം ഇപ്പോൾ ഒരു പ്രമുഖ ദേശീയ മാദ്ധ്യമം അഭിപ്രായ സർവ്വേ ഫലം പുറത്തുവട്ടിരിക്കുന്നത്. സർവ്വേ ഫലം അനുസരിച്ച് എൻഡിഎ മുന്നണി വരുന്ന തിരഞ്ഞെടുപ്പിൽ 300ലധികം സീറ്റുകൾ നേടുമെന്നാണ് പറയപ്പെടുന്നത്. അതേസമയം ഐഎൻഡിഐഎ മുന്നണി 160 മുതൽ 190 വരെ സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിൽ മോദി തരംഗം വ്യക്തമാകുമെന്നും സംസ്ഥാനങ്ങളിലെ 90%ത്തിലേറെ സീറ്റുകളും ബിജെപി നേടുമെന്നും സർവ്വേ പറയുന്നു. എന്നാൽ കർണാടക തമിഴ്നാട് കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎൻഡിഐഎ ആയിരിക്കും മികച്ച വിജയം സ്വന്തമാക്കുക എന്നും സർവ്വേ പറയുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അടുത്ത തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിനും ഭൂരിഭാഗം പേരും ഇല്ല എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്.









