തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെയും മാസപ്പടി വിവാദങ്ങളെയും രൂക്ഷമായ ഭാഷയിൽ തള്ളി സിപിഎം നേതാവ് സജി ചെറിയാൻ. കേരളം കണ്ട ഏറ്റവും സത്യസന്ധനും മാന്യനുമായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും മ്ലേച്ഛവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.
വിവാദങ്ങളോട് ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. “വെറും മൂന്ന് കോടി രൂപയാണോ പിണറായി വിജയന്റെ വില? ഈ തുക വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമില്ലേ? മകൾ വഴി മൂന്ന് കോടി രൂപ വാങ്ങിയെന്ന് പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇവിടെയിരുന്ന് വിളിച്ചുപറഞ്ഞാൽ ഗൾഫിൽ നിന്ന് ആ തുകയൊക്കെ ആരും കൊടുക്കില്ലേ?” സജി ചെറിയാൻ ചോദിച്ചു. പിണറായി വിജയന് മൂന്നു കോടി ഉലുവയുടെ വിലയിട്ട അധമ സംസ്കാരത്തിന്റെ ആളുകൾക്ക് അദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും കോടികൾ തട്ടിയെടുക്കുന്നവരുമായ പലരും കുവൈത്തിലോ ദുബായിലോ ഇരുന്നുകൊണ്ട് പണം കൊടുക്കുന്നുണ്ടാകാം, എന്നാൽ കേരളത്തിൽ നിന്നും ആർക്കും പിണറായി വിജയന്റെ കയ്യിൽ നിന്ന് ഒരു രൂപ ചോദിച്ചു വാങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമായ കേസുകൾ ഇ.ഡി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ ഇനിയും കേരളത്തെ നയിക്കുമെന്നും, അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി. ഒരു മനുഷ്യനെ നിരന്തരം വേട്ടയാടി മാധ്യമ വിചാരണ നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.












