തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് പിണറായി വിജയനെതിരെയുണ്ടായ ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാനാവാതെ സി.പി.എമ്മും മുന്നണി നേതാക്കളും ഉഴലുന്നു. കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസിന് ഇ.ഡി കത്തുനൽകി ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ ശക്തമായി ഇടപെടാൻ പാർട്ടി വൈകിയതാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളിൽ മുൻപൊക്കെ അടിയന്തര പ്രതിരോധവുമായി രംഗത്തെത്താറുള്ള സി.പി.എം, ഇത്തവണ ഔദ്യോഗിക പ്രതികരണത്തിന് മണിക്കൂറുകൾ വൈകിയത് ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച രാവിലെ കേസ് വാർത്തകൾ പുറത്തുവന്നിട്ടും, ബുധനാഴ്ച വൈകിട്ടോടെ മാത്രമാണ് വിഷയത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പ് ഇറക്കാൻ തയ്യാറായത്. കേസ് ഉയർന്ന സമയത്ത് പാർട്ടിയിലെ പല പ്രമുഖ നേതാക്കളും സോഷ്യൽ മീഡിയയിൽ എൺപതുകളിലെ ട്രെൻഡ് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു എന്നത് പാർട്ടി അണികൾക്കിടയിലും വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
മറുഭാഗത്ത് സഖ്യകക്ഷിയായ സി.പി.ഐ വിഷയം അറിഞ്ഞ മട്ടേ കാണിക്കാതെ പൂർണ്ണ മൗനത്തിലാണ്. ദേശീയതലത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുമ്പോൾ ശക്തമായി എതിർപ്പ് ഉന്നയിക്കാറുള്ള സി.പി.ഐ നേതൃത്വം, ഈ വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ വേട്ടയാടലാണ് ഇതെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണം. വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വ്യക്തമാക്കുമ്പോഴും, പാർട്ടിക്കുള്ളിലും മുന്നണിയിലുമുണ്ടായ മൗനവും തണുപ്പൻ പ്രതികരണവും വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വരും ദിവസങ്ങളിൽ വഴിയൊരുക്കുന്നത്.












