തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന വിശ്വാസികളെ വേട്ടയാടുന്ന ഇടത് സർക്കാരിന് ശക്തമായ മറുപടിയുമായി വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നാമജപയാത്ര. ഹിന്ദു വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന ഇടത് -ജിഹാദി കൂട്ടുകെട്ടിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ഗണപതി മിത്തല്ല, സ്വത്വമാണ് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു നാമജപയാത്ര. പാളയം മുതൽ പഴവങ്ങാടി വരെയാണ് ഭക്തർ നാമജപവുമായി അണിനിരന്നത്. സ്വാമി ചിദാനന്ദപുരി, വത്സൻ തില്ലങ്കേരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ സഹിച്ചുകൊണ്ട് എത്രനാൾ മുൻപോട്ടു പോകുമെന്ന് വത്സൻ തില്ലങ്കേരി പ്രസംഗത്തിൽ ചോദിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ നിരന്തരം അധിക്ഷേപിക്കുകയാണ്. അതിന് ശാസ്ത്രത്തിന്റെ പിൻബലം പറ്റുന്നു. എന്നാൽ മറ്റുളള വിശ്വാസങ്ങളെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മിത്ത് കമ്യൂണിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈന്ദവ സമൂഹം ഒന്നിക്കേണ്ട സമയമാണിതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. നേരത്തെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രയ്ക്ക് പിന്നാലെ സംഘാടകർക്കെതിരെ കേസെടുത്തതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സംഘം ചേർന്നുവെന്നും വഴി തടസപ്പെടുത്തിയെന്നും കാണിച്ചായിരുന്നു എൻഎസ്എസ് യൂണിയൻ നേതാക്കൾക്കെതിരെ ഉൾപ്പെടെ കേസെടുത്തത്.
ഗണപതി ഭഗവാൻ മിത്താണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശമാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ഷംസീറിനെ ന്യായീകരിച്ചും ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിച്ചും മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തി. ഇതോടെയാണ് വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നത്. സ്പീക്കർ മാപ്പുപറയണമെന്ന ആവശ്യത്തിൽ വിശ്വാസി സമൂഹം ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഷംസീർ ഇതിന് തയ്യാറായിട്ടില്ല. പുതുപ്പളളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിശ്വാസികളെ വീണ്ടും അനുനയിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് സംഭവത്തിൽ വിശ്വാസികൾ വീണ്ടും തെരുവിൽ ഇറങ്ങിയത്.













Discussion about this post