ന്യൂഡൽഹി : ടിബറ്റ് വിഷയത്തിൽ ചൈന നടത്തുന്നത് ചരിത്ര നിഷേധമാണെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമെന്ന് അവർ പറയുന്നത് ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ്. ടിബറ്റിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ടിബറ്റൻ വംശജർക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ആറാമത് അന്താരാഷ്ട്ര സ്വാതന്ത്ര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ടിബറ്റൻ താത്കാലിക പാർലമെന്റിന്റെ പ്രതിനിധി ലോബ്സംഗ് പെൻഡെ, ഉയിഗുർ സ്വാതന്ത്ര്യ പോരാളി ഉമിത് ഹമിത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അറുപത് ലക്ഷം വരുന്ന ടിബറ്റൻ ജനതയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ രാജ്യത്തിന് പുറത്താണെന്നും അതിൽ ഒരു ലക്ഷത്തോളം പേർ ഇന്ത്യയിലാണെന്നും നരവാനേ വ്യക്തമാക്കി. ടിബറ്റ് ഭാരതത്തിന്റെ ശരിയായ അയൽ രാജ്യമാണ്. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരവും കച്ചവടവും മാത്രമല്ല മനുഷ്യ സംസ്കാരത്തിന്റെ ഉദാത്ത ചിന്തകളും കൈമാറേണ്ട നാടുകളുമാണ് ഇന്ത്യയും ടിബറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1954 ൽ ഒപ്പുവെച്ച പഞ്ചശീല തത്വങ്ങൾ കാരണമാണ് ചൈന ടിബറ്റ് കയ്യേറിയപ്പോൾ ഇന്ത്യക്ക് നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വന്നത്. ഇപ്പോൾ ചൈന ടിബറ്റ് പൂർണമായും കയ്യടക്കിയിരിക്കുകയാണ് . മാത്രമല്ല ടിബറ്റൻ ജനതയുടെ വ്യക്തിത്വവും സംസ്കാരവും മാറ്റിക്കൊണ്ടിരിക്കുകയുമാണ്. സി.ഇ 700 മുതൽ ടിബറ്റ് ചൈനയുടെ ഭാഗമാണെന്നാണ് അവർ അവകാശവാദം ഉന്നയിക്കുന്നത്. ഇത് പൂർണമായും തെറ്റാണെന്ന് മാത്രമല്ല ചരിത്രം തിരുത്തിയെഴുതുക കൂടിയാണ്. നരവാനേ വ്യക്തമാക്കി.
രണ്ടു രീതി ഉപയോഗിച്ചാണ് ഇത്തരം അധിനിവേശങ്ങളെ നേരിടേണ്ടത്. ടിബറ്റ് വിഷയം യുഎന്നിൽ എത്തിക്കണം. ആഗോള പിന്തുണ നേടണം. ചിന്തകന്മാരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കണം. ഒപ്പം ലോകമെങ്ങുമുള്ള ജനതയെ ഈ പോരാട്ടത്തിന്റെ ഭാഗമാക്കി ടിബറ്റിന്റെ സ്വാതന്ത്ര്യ സമരം ക്രിയാത്മകമായും ജീവസ്സുറ്റതുമായി നിലനിർത്തണം. ചൈന ശക്തമാണ് എന്ന് പറയുന്നതിനൊപ്പം തന്നെ അതിന്റെ ദൗർബല്യവും നാം തിരിച്ചറിയണം. ചൈന ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയാണ്. ഇന്ത്യ പരസ്പര വിശ്വാസത്തിലും സഹകരണത്തിലും കേന്ദ്രീകൃതമായ രാജ്യമാണ്.അദ്ദേഹം പറഞ്ഞു.
ഹോംഹോംഗിനേയും തായ്‌വാനേയും മറ്റ് തെക്കനേഷ്യൻ രാജ്യങ്ങളേയും ഒരുമിച്ച് ചേർത്ത് വേണം ചൈനയുടെ ഭീഷണിയെ നേരിടാൻ. ഇന്ത്യ ഇന്ന് ലോകശക്തിയായി വളരുകയാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നാം ദ്രുതഗതിയിലാണ് ഇപ്പോൾ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post