കോട്ടയം : കോട്ടയത്ത് മാരക ലഹരിവസ്തുക്കളുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച കർണാടക രജിസ്‌ട്രേഷനിലുള്ള കാറും പോലീസ് പിടിച്ചെടുത്തു.
ആയുർവേദ തെറാപിസ്റ്റായി ബംഗളൂരുവിൽ ജോലി ചെയ്യുകയാണ് ഫിലിപ്പ് മൈക്കിൾ. ലഹരിമരുന്ന് വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ടു മാസമായി ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കോട്ടയത്തുള്ള യുവതിയുമായി ഇയാൾ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടിരുന്നു. ഇത് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയത്തേക്കു വരുന്നതായി സൂചന ലഭിച്ചു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്ത ഇയാൾ കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് എംഡിഎംഎ വിതരണം ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി പ്രണയത്തിലായി അവരെ ലഹരിമരുന്ന് കണ്ണിയിൽപ്പെടുത്തുകയാണ് രീതി. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ബാങ്ക് ഇടപാട് സംബന്ധിച്ചും അന്വേഷണം നടത്തി വരികയാണ്.
Discussion about this post