ന്യൂഡൽഹി : ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ചൈനീസ് കമ്പനിയുടെ നികുതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിജിഎസ്ടി ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈയിൽ ആണ് സംഭവം. ചൈനയിലെ ഗ്വാങ്‌ഷൗ ആസ്ഥാനമായുള്ള വെൽഫുൾ ഇന്റർ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇന്ത്യയിലെ നികുതി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഈ ഉദ്യോഗസ്ഥൻ 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ഭിവണ്ടി കമ്മീഷണറേറ്റിലെ സിജിഎസ്ടി സൂപ്രണ്ട് ഹേമന്ത് കുമാറാണ് അറസ്റ്റിലായ ഉദ്യോഗസ്ഥൻ.
വെൽഫുൾ ഇന്റർ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ നികുതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായം തേടിയെത്തിയ ഒരു ടാക്സ് കൺസൾട്ടന്റിനോടാണ് ഈ ഉദ്യോഗസ്ഥൻ 30 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക നൽകാൻ കമ്പനി വിസമ്മതിക്കുകയും പ്രശ്നം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ റിപ്പോർട്ട് ചെയ്യാൻ കൺസൾട്ടന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ലഭിച്ച പരാതിയിലാണ് സിബിഐ ഈ കേസിൽ രഹസ്യ അന്വേഷണം നടത്തുന്നത്.
രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെ വഡാല റെയിൽവേ സ്‌റ്റേഷനിൽ നടന്ന യോഗത്തിൽ ടാക്സ് കൺസൾട്ടന്റും സിജിഎസ്ടി ഉദ്യോഗസ്ഥനും തമ്മിൽ വീണ്ടും ചർച്ച നടത്തി. തുടർന്ന് ഇയാൾ കൈക്കൂലി 15 ലക്ഷം ആക്കി കുറച്ചു. ആരോപണങ്ങൾ സ്ഥിരീകരിച്ചതോടെ സിബിഐ ഈ ഉദ്യോഗസ്ഥനെതിരെ കെണിയൊരുക്കുകയായിരുന്നു. തുടർന്ന് സിബിഐ പദ്ധതി പ്രകാരം 5 ലക്ഷം രൂപയുമായി ടാക്സ് കൺസൾട്ടന്റ് സിജിഎസ്ടി ഉദ്യോഗസ്ഥനെ സമീപിക്കുകയും പണം വാങ്ങിയ ഇയാളെ സിബിഐ കയ്യോടെ പിടികൂടുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിനു ശേഷം പ്രതിയുടെ മുംബൈയിലെയും ഗാസിയാബാദിലെയും താമസ സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഈ പരിശോധനയിൽ ഏകദേശം 42.7 ലക്ഷം രൂപയും , അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ സംബന്ധിച്ച രേഖകളും മറ്റും കണ്ടെടുത്തതായി സിബിഐ വക്താവ് അറിയിച്ചു. ഹേമന്ത് കുമാറിനെ വെള്ളിയാഴ്ച മുംബൈയിലെ സിബിഐ പ്രത്യേക ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. ഇയാളെ തുടരന്വേഷണത്തിനായി ഓഗസ്റ്റ് 21 വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.








