ന്യൂഡൽഹി : അടുത്ത വർഷത്തോടെ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രണ്ട് വൻ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2024 ഫെബ്രുവരിയോടെ ആരംഭിക്കും. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കുമെന്ന് രാജ്യത്തെ റോഡുകളുടെ നവീകരണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
”നമ്മുടെ രാജ്യത്ത് 65 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്. ഞങ്ങൾ കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു റോഡ് നിർമ്മിക്കുകയാണ്. എല്ലാ ഹൈവേ എക്‌സ്പ്രസ് വേ നിർമ്മാണത്തിലും ഞങ്ങൾ പണം ലാഭിച്ചിട്ടുണ്ട്. ഡൽഹിയിൽ മാത്രം 65,000 കോടി രൂപയുടെ പദ്ധതികളാണ് ആരംഭിക്കുന്നത്” ഗഡ്കരി വ്യക്തമാക്കി.
പിത്തോരഗഡ് മുതൽ മാനസരോവർ വരെയുള്ള റോഡുകളുടെ 90% പണി പൂർത്തിയായി. പഞ്ചാബിലെ അമൃത്സർ മുതൽ ഗുജറാത്തിലെ ഭാവ്നഗർ വരെയുള്ള പദ്ധതി വളരെ വലുതാണെന്നും മണാലിയിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡിന് അഞ്ച് തുരങ്കങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂറത്തിൽ നിന്ന് നാസിക്കിലേക്കും നാസിക്കിൽ നിന്ന് അഹമ്മദ്നഗറിലേക്കും അവിടെ നിന്ന് സോലാപൂരിലേക്കും പുതിയ ഗ്രീൻ ഹൈവേ നിർമ്മിക്കുകയാണ്. മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കും റോഡുകൾ നിർമ്മിക്കുന്നുണ്ട്.
വരും നാളുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നിങ്ങൾ പ്രതിമാസം 30,000 രൂപ ചെലവഴിക്കുമ്പോൾ ഒരു ഇലക്ട്രിക് വാഹനത്തിന് 2,000 രൂപ മാത്രം ചിലവഴിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.











