മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടർച്ചാവകാശങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധമായ സ്വത്ത് നിയമങ്ങളെക്കുറിച്ചും എല്ലാം പലപ്പോഴായി വിമർശനമുന്നയിക്കുന്ന വ്യക്തിയാണ് സി ഷുക്കൂർ എന്ന ഷുക്കൂർ വക്കീൽ. മുസ്ലിം സമൂഹത്തിലെ സ്ത്രീകളുടെ ദുരവസ്ഥ വർണിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജനുവരി അവസാനം മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനെതിരെ മാർച്ചിൽ മറ്റു സഹോദരങ്ങൾ സ്വത്തിന് അവകാശം ഉന്നയിച്ച് വക്കീൽ നോട്ടീസ് അയച്ച അനുഭവമാണ് ഈ പോസ്റ്റിലൂടെ ഷുക്കൂർ വക്കീൽ വെളിപ്പെടുത്തുന്നത്.
മരണപ്പെട്ടയാൾക്ക് ആൺമക്കൾ ഇല്ലാത്തതിനാൽ അയാളുടെ സ്വത്തിൽ സഹോദരങ്ങൾക്ക് പിന്തുടർച്ചാവകാശം ഉണ്ട്. ഇതാണ് ഒരു മകൾ മാത്രമുള്ള സഹോദരൻ മരിച്ചതോടെ അയാളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മറ്റു സഹോദരങ്ങൾ വക്കീൽ നോട്ടീസ് അയക്കാൻ കാരണം. പെൺകുട്ടി ആയിപ്പോയി എന്ന കാരണത്താൽ വർഷങ്ങളായി അവർ താമസിച്ച വീട് പോലും ആ കുട്ടിയുടേത് അല്ലാതായി മാറി എന്ന് ഷുക്കൂർ വക്കീൽ തന്റെ പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം പൊതു സിവിൽ നിയമമല്ല എന്ന ഇരട്ടത്താപ്പ് നയം കൂടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വക്കീൽ വെളിപ്പെടുത്തുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലിം വ്യക്തിനിയമത്തിൽ പരിഷ്കാരം വരുത്തുകയാണെന്നാണ് ഷുക്കൂർ വക്കീലിന്റെ അഭിപ്രായം.
ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സഹോദരൻ മരണപ്പെട്ടത് ജനുവരി അവസാനം .
ഒരു മകളും ഭാര്യയുമാണ് മരണ സമയത്ത് ബാക്കി.
മയ്യത്തിനെ മൂടിയ മൂന്നു ചുറ്റു തുണി ഖബറിൽ ലയിക്കുന്നതിനു മുമ്പ് മാർച്ചിൽ തന്നെ മരണപ്പെട്ട ആളുടെ സഹോദരൻ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചിരിക്കുന്നു .
അവർ താമസിക്കുന്ന വീടും പറമ്പും അടക്കമുള്ള മരണപ്പെട്ട ആളുടെ പേരിലുള്ള മുഴുവൻ വസ്തു വകകളിലും അയാൾക്കും മറ്റു സഹോദരങ്ങൾക്കും മുസ്ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം അവകാശം ഉണ്ട്. സ്വത്തുക്കൾ കൂട്ടമായി കൈ വശം വെക്കുവാൻ താൽപര്യമില്ല , ഉടൻ ഭാഗം ചെയ്യണം .
വക്കീൽ നോട്ടീസിനു മറുപടി നൽകി.
പക്ഷെ , ആ വിലാസത്തിൽ ഒരു വക്കീൽ ഇല്ലെന്നു പറഞ്ഞാണ് തിരികെ വന്നത്.
ഇതാ , ഇന്നലെ മറ്റൊരു വക്കീൽ ഒരു സബ് കോടതിയിൽ പാർട്ടീഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നു.
ബഹു സബ് ജഡ്ജ് തൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുന്നു “the defendants are hereby an ad interim injunction restrained from alienating the PSP or from committing any act of waste therein “.
അതായത് വർഷങ്ങളായി അവർ താമസിച്ച വീടു പോലും അവരുടേതു മാത്രമല്ല , തെങ്ങിനു തടം തുറക്കണമെങ്കിൽ , കറിക്ക് ഒരു തേങ്ങ എടുക്കണമെങ്കിൽ ആരുടെ ഒക്കെ അനുവാദം തേടണം ?
ഇത്തരമൊരു അവസ്ഥയ്ക്ക് ഏക കാരണം , മരണപ്പെട്ട ആൾക്ക് മരിക്കുമ്പോൾ അനന്തരവകാശിയായി ആൺ കുട്ടി ഇല്ല. മറിച്ചു ഒരു മകളേ ഉള്ളൂ എന്നതു മാത്രമാണ് .
സ്ത്രീ ആയി പിറന്നതു കൊണ്ടു മാത്രം ഈ വിവേചനം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ ഇനിയും അനുഭവിക്കേണ്ടതുണ്ടോ?
എന്നാണ് സ്ത്രീക്ക് തുല്യ പദവി അനുവദിച്ചു നൽകുവാൻ നിയമവും ഭരണ കൂടവും തയാറാവുക ?
ഈ പ്രശ്നത്തിനു പരിഹാരം പൊതു സിവിൽ നിയമം അല്ല , മുസ്ലിം വ്യക്തി നിയമത്തിലെ പരിഷ്ക്കാരമാണ്. പിന്തുടർച്ച നിയമത്തിലെ സ്ത്രീ വിരുദ്ധവും, ഭരണ ഘടനാ ഉറപ്പു നൽകുന്ന തുല്യതയ്ക്കും അന്തസ്സാർന്ന ജീവിതത്തിനു എതിരെയുമുള്ള വകുപ്പുകൾ റദ്ദാക്കുക തന്നെ വേണം.
സമുദായം ആ വഴിക്ക് ചിന്തിക്കുന്നുണ്ട്.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക് എഴുതിയ കത്തിൽ അതു സൂചിപ്പിച്ചതാണ് . ഇ കെ സമസ്ത നേതാവ് കൊടുങ്ങലൂരിലും അതാണ് പ്രസംഗിച്ചത്.
കമന്റ് കാണുക.
ഏതു നിയമവും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്നു നാം തിരിച്ചറിയണം.
Shukkur Vakkeel
Discussion about this post