ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിൽ ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നു. പോലീസും സുരക്ഷാ സേനയും സ്ഥലത്തുണ്ടെന്ന് കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
രജൗരി ജില്ലയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇത്. ഓഗസ്റ്റ് 5 ന് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.








