ന്യൂഡൽഹി : വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് എട്ട് രാജ്യസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് ഹൗസിൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പുതിയ എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പാർലമെന്റ് ഹൗസിലെ രാജ്യസഭാ ചേംബറിൽ ആണ് ആണ് ചടങ്ങ് നടന്നത്.
എസ് ജയശങ്കറിനെ കൂടാതെ ഗുജറാത്തിൽ നിന്നുമുള്ള ബാബുഭായ് ജസംഗ്ഭായ് ദേശായി , കേസരിദേവ്‌സിംഗ് ദിഗ്വിജയ്‌സിൻഹ് ജാല എന്നിവരും പശ്ചിമ ബംഗാളിൽ നിന്നുള്ള നാഗേന്ദ്ര റേയുമാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് ബിജെപി അംഗങ്ങൾ. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റ് അഞ്ച് രാജ്യസഭ എംപിമാർ തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ്. ഡെറക് ഒബ്രിയാൻ, ഡോല സെൻ, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്, സമീറുൾ ഇസ്‌ലാം എന്നിവരാണ് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.
എസ് ജയശങ്കർ ഇംഗ്ലീഷിലും മറ്റു ബിജെപി എംപിമാർ ഹിന്ദിയിലും ആയിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. തൃണമൂൽ കോൺഗ്രസ് എംപിമാർ ബംഗാളിയിലായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 9 അംഗങ്ങളിൽ എസ് ജയശങ്കർ അടക്കം നാലുപേർ രാജ്യസഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. അഞ്ചുപേർ പുതുതായി രാജ്യസഭയിലേക്ക് എത്തുന്ന എംപിമാരാണ്.








