എത്യോപ്യ: സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നൂറു കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സുരക്ഷാ സേന കൊന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അവകാശപ്പെട്ടു. യെമനുമായുള്ള പര്‍വത അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് എത്യോപ്യന്‍ കുടിയേറ്റക്കാരെയാണ് സൗദി അറേബ്യന്‍ അതിര്‍ത്തി സുരക്ഷാ സേന കൊലപ്പെടുത്തിയതായി പറയുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 73 പേജുള്ള റിപ്പോര്‍ട്ടില്‍, ചില കുടിയേറ്റക്കാരെ കൊല്ലാന്‍ സൗദി ഗാര്‍ഡുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവെന്നും മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും അവകാശപ്പെടുന്നു. കാല്‍നടയായി സൗദി അറേബ്യയിലേക്ക് കടക്കാന്‍ വിദൂര പര്‍വത പാതകള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വ്യാപകമാണെന്നും കൊലപാതകങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാക്ഷി മൊഴികളും മുറിവേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും അടക്കം 350 വീഡിയോകളും ഫോട്ടോകളും, സൗദി അറേബ്യന്‍ ഗാര്‍ഡ് പോസ്റ്റുകളുടെ സ്ഥാനം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും അടിസ്ഥാനമാക്കിയാണ് സംഭവം തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് എച്ച്ആര്‍ഡബ്ല്യു പറഞ്ഞു. എന്നാല്‍ കൊലപാതകം നടന്നതായി ആരോപിക്കപ്പെടുന്ന യെമന്‍-സൗദി അതിര്‍ത്തിയിലേക്ക് തങ്ങളുടെ ഗവേഷകര്‍ക്ക് പ്രവേശിക്കാനായില്ല. പര്‍വ്വത പ്രദേശങ്ങളില്‍ ആകമാനം മൃതദേഹങ്ങള്‍ ചിതറി കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പങ്ക് വച്ചതായും അവര്‍ പറയുന്നു.
എന്നാല്‍ എച്ച്ആര്‍ഡബ്ല്യുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സൗദി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി കാവല്‍ക്കാര്‍ കുടിയേറ്റക്കാരെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് നേരത്തെ യുഎന്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങളും സൗദി അധികാരികള്‍ ശക്തമായി നിഷേധിച്ചിരുന്നു.
അതേസമയം, റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അമേരിക്ക സൗദി ഭരണകൂടത്തിനോട് ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും സമഗ്രവും സുതാര്യവുമായ അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. 2022 ഒക്ടോബറില്‍, യുഎന്‍ സൗദി അധികാരികള്‍ക്കയച്ച കത്തില്‍ കുറഞ്ഞത് 16 സംഭവങ്ങളിലായി 430 കുടിയേറ്റക്കാരെ അതിര്‍ത്തിയല്‍ സുരക്ഷാ സേന വധിച്ചതായി സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. 2022 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള നാല് മാസത്തെ മാത്രം കണക്കാണിത്.
യുഎന്‍ പഠനങ്ങള്‍ പ്രകാരം സൗദി അറേബ്യയില്‍ ഏകദേശം 750,000 എത്യോപ്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. എത്യോപ്യയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലരും സൗദിയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുകയാണ്. ആഫ്രിക്കയില്‍ നിന്നും ഏദന്‍ ഉള്‍ക്കടല്‍ മറികടന്ന് യെമന്‍ വഴിയാണ് കാലങ്ങളായി എത്യോപ്യന്‍ കുടിയേറ്റക്കാര്‍ സൗദിയില്‍ എത്തുന്നത്.
Discussion about this post